Thursday, May 17, 2012

കരോക്കെ വിദ്വാന്‍മാരും വിദുഷികളും

കരോക്കെ പുലികളെ സംബന്ധിച്ചിടത്തോളം 'ഓഡാസിറ്റി' പുഷ്പം പോലെ ഉപയോഗിക്കാവുന്ന ഒരു സങ്കേതമാണ്. ഒരു കരോക്കെ ട്രാക്കും മൈക്രൊഫോണും ഒരു ഹെഡ്സെറ്റ് സ്പീക്കറും പത്തു മിനിട്ടും ഉണ്ടെങ്കില്‍ പാട്ടൊന്നു പാടിയെടുക്കാം. എന്നെപ്പോലെ തരികിട പാട്ടുകാരനാണെങ്കില്‍ 'ഓഡാസിറ്റി'യിലെ ചില ഫീച്ചറുകള്‍ ഉപയോഗിക്കേണ്ടിവരും.

അതുകൊണ്ട് തുടക്കം ഒരു കരോക്കെ പാടിക്കൊണ്ടുതന്നെയാവാം. അതിനായി എളുപ്പമുള്ള ഒരു പാട്ടിന്റെ പശ്ചാത്തലസംഗീതത്തിന്റെ ട്രാക്ക് തിരഞ്ഞെടുക്കുക. കരോക്കെ ട്രാക്കുകള്‍ ഇന്റര്‍നെറ്റില്‍ പലയിടത്തും ലഭ്യമാണ്. ഞാന്‍ ഇതുവരെ ഉപയോഗിച്ച ട്രാക്കുകളെല്ലാം യൂട്യുബില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തതാണ്.

ട്രാക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത ശേഷം 'ഓഡാസിറ്റി' തുറക്കുക. എന്നിട്ട് File --> Open ക്ലിക്ക് ചെയ്ത് നിങ്ങള്‍ സേവ് ചെയ്ത ട്രാക്ക് തിരഞ്ഞെടുക്കുക. അപ്പോള്‍ താഴെ കാണുന്നതുപോലുള്ള ഒരു സ്ക്രീന്‍ കാണാം. നിങ്ങളുടെ ട്രാക്ക് നീലനിറത്തിലുള്ള വേവ് ഫോമിന്റെ രൂപത്തില്‍ അതില്‍ കാണാം. (സ്റ്റീരിയോ ട്രാക്ക് ആണെങ്കില്‍ രണ്ടു വേവ് ഫോമുകള്‍ കാണും)

ഇനി നമ്മുടെ ട്രാക്ക് ഒന്നു പ്ലേ ചെയ്തു നോക്കുക. ഗാനം പുരോഗമിക്കുന്നതനുസരിച്ച് ടൈംലൈന്‍ സ്ലൈഡര്‍ (മുകളില്‍ നിന്നു താഴെ വരെ നീണ്ടുകിടക്കുന്ന ഒരു വര) മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നതു കാണാം. ഒരു മിനിറ്റോളം ട്രാക്ക് കേട്ട ശേഷം സ്റ്റോപ് ബട്ടണ്‍ അമര്‍ത്തി ട്രാക്ക് നിറുത്തുക. എന്നിട്ട് (ട്രാക്കിന്റെ) നീലനിറത്തിലുള്ള വേവ് ഫോമിന്റെ നടുക്ക് ക്ലിക്ക് ചെയ്യുക എന്നിട്ട് പ്ലേ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ട്രാക്ക് ഇടയ്ക്കുനിന്ന് പ്ലേ ചെയ്തുതുടങ്ങും. ഇടയ്ക്കുനിന്ന് ഇങ്ങനെ പ്ലേബാക്ക് ചെയ്യുന്ന ഈ വിദ്യ മനസ്സില്‍ വെയ്ക്കുക.

ഇതോടെ നിങ്ങളുടെ കരോക്കെ പാടാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി. ഇനി മൈക്രൊഫോണും ഹെഡ്സെറ്റും വേണ്ടപോലെ സെറ്റ് ചെയ്യുക.

തുടക്കം മുതല്‍ ഒടുക്കം വരെ പാടാനാകുമെന്ന് വിശ്വാസമുണ്ടെങ്കില്‍ ഇനിയുള്ള ഭാഗം എളുപ്പമാണ്. ട്രാക്കിന്റെ തുടക്കത്തില്‍ ഒരു തവണ ക്ലിക്ക് ചെയ്തശേഷം റെക്കോര്‍ഡ് ബട്ടന്‍ അമര്‍ത്തുക. ട്രാക്ക് പ്ലേ ചെയ്തു തുടങ്ങുന്നതോടൊപ്പം പുതിയൊരു ട്രാക്ക് താഴെ പ്രത്യക്ഷപ്പെട്ടതു കാണാം. ഈ ട്രാക്കിലാണ് നിങ്ങളുടെ ശബ്ദത്തിന്റെ വേവ് ഫോം ദൃശ്യമാകുക.

പാടിത്തീരുമ്പോള്‍ (അല്ലെങ്കില്‍ ഇടയ്ക്ക് നിറുത്തണമെന്നു തോന്നുമ്പോള്‍) സ്റ്റോപ് ബട്ടണ്‍ അമര്‍ത്തുക. വീണ്ടും തുടരണമെങ്കില്‍ നേരത്തേ പാടി നിറുത്തിയിടത്ത് ഒരു തവണ ക്ലിക്ക് ചെയ്ത്, റെക്കോര്‍ഡ് ബട്ടണ്‍ അമര്‍ത്തി ആലാപനം തുടരുക. ഓരോ തവണ റെക്കോര്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോഴും നിങ്ങളുടെ ശബ്ദം ആലേഖനം ചെയ്യാന്‍ 'ഓഡാസിറ്റി' ഒരു പുതിയ ട്രാക്ക് തുടങ്ങും.

നിങ്ങള്‍ പാടിയ ട്രാക്കുകളില്‍ ഏതു ഭാഗം വേണമെങ്കിലും നിങ്ങള്‍ക്ക് മുറിച്ചുകളയാം. ഇതിനായി ചെയ്യേണ്ടത് ഇതാണ് - മൌസ് ഉപയോഗിച്ച് മുറിച്ചുകളയേണ്ട ഭാഗം തിരഞ്ഞെടുക്കുക, എന്നിട്ട് Edit --> Remove Audio --> Split Delete എന്ന ഓപ്ഷന്‍ സെലെക്റ്റ് ചെയ്യുക. എപ്പോഴും Split Delete മാത്രം ചെയ്യുക - സാധാരണ Delete ചെയ്യുമ്പോള്‍ ട്രാക്കിന്റെ ടൈമിങ്ങ് മൊത്തം കുളമാകും.

പാടിത്തീരുമ്പോള്‍ File --> Save Project ക്ലിക്ക് ചെയ്ത് നിങ്ങളുടെ 'റെക്കോര്‍ഡിങ്ങ് പ്രോജക്റ്റ്' സേവ് ചെയ്യുക.

ഞാന്‍ ഇത്തവണ പാടിയ പാട്ട് പതിന്നാലു ട്രാക്കുകളായാണ് റെക്കോര്‍ഡ് ചെയ്തത്. എന്റെ പ്രോജക്റ്റിന്റെ ഒരു സ്ക്രീന്‍ഷോട്ട് ഇതാ.


അടുത്തലക്കത്തില്‍ ചില പൊടിക്കൈകളേക്കുറിച്ച് സംസാരിച്ചുതുടങ്ങാം. എന്റെ പാട്ട് ദാ, താഴെ പൂവില്‍ ക്ലിക്ക് ചെയ്താല്‍ കേള്‍ക്കാം. തല്‍ക്കാലം വിട.

Sunday, April 22, 2012

പുതിയ തുടക്കം.

നിങ്ങള്‍ പാടാന്‍ ആഗ്രഹിക്കുന്നയാളാണോ? പതിവായി കുളിമുറിയില്‍ ഉള്ളുതുറന്നു പാടാറുണ്ടോ? ഐഡിയാ സ്റ്റാര്‍ സിംഗര്‍ പോലുള്ള പരിപാടികള്‍ കണ്ട് അവരേപ്പോലെ പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു തോന്നിയിട്ടുണ്ടോ? സ്വന്തം ആലാപന നൈപുണ്യത്തില്‍ ആത്മവിശ്വാസമില്ലാത്തതുകൊണ്ടു മാത്രം പൊതുവേദിയില്‍ പാടാതിരിക്കുന്നവരാണോ?

നിങ്ങള്‍ക്കിതാ ഒരു കനകാവസരം! ലക്ഷോപലക്ഷം പ്രേക്ഷകരുള്ള ഈ ഇന്റെര്‍നെറ്റില്‍ ധനുഷിനെപ്പോലെ പ്രശസ്തനായ ഒരു പാട്ടുകാരന്‍ ആകാം. ഒന്നുകൊണ്ടും ഭയപ്പെടേണ്ട. ടെക്നോളജി നിങ്ങളുടെ കൂടെയുണ്ട്.

നിങ്ങള്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്റ്റേജില്‍ അറ്റെന്‍ഷനായി നിന്ന് കൂട്ടുകാരുടേയും ജഡ്ജ് ചെയ്യാനിരിക്കുന്ന അദ്ധ്യാപകരുടേയും തുറിച്ചുനോട്ടം നേരിടാനാകാതെ മച്ചിലേയ്ക്കുനോക്കി ഒരു കണക്കിനു പാടിത്തുടങ്ങി പകുതിവഴിക്ക് തൊണ്ടവരണ്ട് സ്വരവും രാഗവും താളവും സംഗതിയുമെല്ലാം തെക്കുവടക്കുപോയതൊക്കെ ഇനി പഴങ്കഥ. ഇന്ന് സ്റ്റേജില്‍ അറ്റെന്‍ഷനായി നില്‍ക്കണ്ടാ, സ്വന്തം വീട്ടില്‍ സ്വന്തം മുറിയില്‍ ഒരു നിക്കറു മാത്രം (അല്ലെങ്കില്‍ ഒരു നൈറ്റി മാത്രം) ഇട്ട് ചാരുകസേരയില്‍ മലര്‍ന്നിരുന്ന് പാടാം. ഒരാളും കാണാതെ തനിച്ചിരുന്ന് പാടാം. പകുതി വഴിക്ക് തൊണ്ട വരണ്ടു പോകുന്ന പ്രശ്നമേയില്ല- ഒരു വരി പാടുക പിന്നെ കറിക്കരിയുക, തിരികേവന്നൊരു വരി പാടുക, ചോറും കറിയും ഉണ്ടാക്കുക, ഇനിയൊരു വരി പാടുക, ചോറും കറിയുമെടുത്ത് ഓഫീസില്‍ പോയിവരിക, മറ്റൊരു വരി പാടുക കിടന്നുറങ്ങുക - ഇങ്ങനെ ഒരു പാട്ടു തന്നെ കഷണം കഷണമായി പാടിയാല്‍ മതിയാകും. പാടുമ്പോള്‍ താളത്തില്‍ പാടണമെന്നില്ല, താളമൊക്കെ നമുക്കു സെറ്റ് ചെയ്തെടുക്കാവുന്നതേയുള്ളൂ. എന്തിന്, നിങ്ങള്‍ക്ക് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഒച്ചയാണെങ്കില്‍ പോലും കിഷോര്‍ കുമാറിനേപ്പോലെ മുഴക്കമുള്ള ഒച്ചയില്‍ നിങ്ങളുടെ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും (പോട്ടെ, അവസാനം പറഞ്ഞത് വെറും ഉഡായിപ്പാണ്, ബട്ട് യു ഗെറ്റ് ദ പോയിന്റ്).

ഇതു ഞാന്‍ കുറച്ചുകാലമായി മനസ്സില്‍ കരുതിവെച്ചിരുന്ന ഒരു സംരംഭമാണ്. ഇപ്പോഴാണ് എല്ലാം ഒത്തുവന്നത്. ശബ്ദലേഖനത്തിനുപറ്റിയ വളരേയധികം സോഫ്ട്‌വെയര്‍ സൌജന്യമായി ലഭ്യമാണെന്നറിയാമായിരുന്നു. കഴിഞ്ഞ വര്‍ഷം "ആര്‍ഡര്‍" (Ardour) എന്ന പ്രോഗ്രാം ഒന്നു പരീക്ഷിച്ചിരുന്നു. പക്ഷേ ഒരു തുടക്കക്കാരന് അല്പം സങ്കീര്‍ണ്ണമായ ഒന്നാണ് അതെന്ന് എനിക്കു തോന്നി. ഇക്കഴിഞ്ഞ മാസമാണ് ആദ്യമായി ഓഡാസിറ്റി (Audacity) ഡൌണ്‍ലോഡ് ചെയ്തു പരീക്ഷിച്ചത്. ഓഡാസിറ്റിയുമായി പരിചയമായി വരുന്നതേയുള്ളു, എങ്കിലും ഇതുവരെയുള്ള സത്യാന്വേഷണപരീക്ഷകളെല്ലാം വലിയ ബുദ്ധിമുട്ടില്ലാത്തതായിരുന്നു.

ഈ ബ്ലോഗ് എന്റെ ശബ്ദലേഖനപരീക്ഷണങ്ങളുടെ ഒരു ഡയറിക്കുറിപ്പാണ്. അതായത് ഓഡാസിറ്റിയുടെ ഉപയോഗത്തേപ്പറ്റി ആധികാരികമായ ഒരു ഗൈഡ് അല്ല. ശബ്ദലേഖനത്തേപ്പറ്റി എനിക്കൊരു ചുക്കും അറിയില്ല. എനിക്കാവശ്യമുള്ള വിവരങ്ങള്‍ എവിടെനിന്നെങ്കിലും തപ്പിയെടുക്കുക, അത് എന്റെ കമ്പ്യൂട്ടറില്‍ പരീക്ഷിച്ചു നോക്കുക, വിജയിച്ച ചില തന്ത്രങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക എന്ന ലളിതമായ ഉദ്ദേശമേ എനിക്കുള്ളൂ. എന്റെ സ്ഥിരം ബ്ലോഗില്‍ത്തന്നെ ഇടാമെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ പിന്നെ തീരുമാനിച്ചു ആ ബ്ലോഗില്‍ വായനാമൂല്യമുള്ള എഴുത്തുമാത്രം മതി എന്ന് - ഫോളോ ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കരുതല്ലോ.

എന്റെ പ്രാരംഭപരീക്ഷണങ്ങളുടെ ഉല്‍പന്നമാണ് ഈ ഗാനം. ഇതില്‍ ഒരു നൂറുകുറവുകളുണ്ടെന്ന് എനിക്കുതന്നെ അറിയാം. എല്ലാമൊന്നു പരിചയമായി വരട്ടെ, നമുക്കു മെച്ചപ്പെടുത്താം. ഒരു വര്‍ഷത്തിനകം സന്തോഷ് പണ്ടിറ്റിനെപ്പോലും കവച്ചുവയ്ക്കുന്ന ഒരു പ്രകടനം എന്നില്‍ നിന്ന് നിങ്ങള്‍ക്കു പ്രതീക്ഷിക്കാം.


അപ്പോള്‍ നിങ്ങളും എന്റെ കൂടെ കൂടുകയല്ലേ? ധൈര്യമായി മുന്നോട്ടുവരൂ! ഒരു പക്ഷേ ഈ മഹാപ്രസ്ഥാനത്തില്‍നിന്ന് വിനീത് ശ്രീനിവാസനേയും കലാഭവന്‍ മണിയേയുമൊക്കെ പിന്നണിഗാനാലാപനരംഗത്തുനിന്ന് ഔട്ടാക്കാന്‍ മാത്രം പ്രതിഭയുള്ള ഒരു 'സിംഗര്‍-ടെക്നീഷ്യന്‍' പിറക്കുകില്ലെന്ന് ആരു കണ്ടു! തല്‍ക്കാലം നിങ്ങള്‍ ഇത്രമാത്രമേ ചെയ്യേണ്ടതുള്ളൂ - ഈ ലിങ്കില്‍ നിന്ന് ഓഡാസിറ്റി ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ബാക്കി ഞാന്‍ വഴിയേ പറയാം.

(ഓഡിയോ ട്രാക്കിനു കടപ്പാട്: dsudheeran, YouTube)