Sunday, April 22, 2012

പുതിയ തുടക്കം.

നിങ്ങള്‍ പാടാന്‍ ആഗ്രഹിക്കുന്നയാളാണോ? പതിവായി കുളിമുറിയില്‍ ഉള്ളുതുറന്നു പാടാറുണ്ടോ? ഐഡിയാ സ്റ്റാര്‍ സിംഗര്‍ പോലുള്ള പരിപാടികള്‍ കണ്ട് അവരേപ്പോലെ പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു തോന്നിയിട്ടുണ്ടോ? സ്വന്തം ആലാപന നൈപുണ്യത്തില്‍ ആത്മവിശ്വാസമില്ലാത്തതുകൊണ്ടു മാത്രം പൊതുവേദിയില്‍ പാടാതിരിക്കുന്നവരാണോ?

നിങ്ങള്‍ക്കിതാ ഒരു കനകാവസരം! ലക്ഷോപലക്ഷം പ്രേക്ഷകരുള്ള ഈ ഇന്റെര്‍നെറ്റില്‍ ധനുഷിനെപ്പോലെ പ്രശസ്തനായ ഒരു പാട്ടുകാരന്‍ ആകാം. ഒന്നുകൊണ്ടും ഭയപ്പെടേണ്ട. ടെക്നോളജി നിങ്ങളുടെ കൂടെയുണ്ട്.

നിങ്ങള്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്റ്റേജില്‍ അറ്റെന്‍ഷനായി നിന്ന് കൂട്ടുകാരുടേയും ജഡ്ജ് ചെയ്യാനിരിക്കുന്ന അദ്ധ്യാപകരുടേയും തുറിച്ചുനോട്ടം നേരിടാനാകാതെ മച്ചിലേയ്ക്കുനോക്കി ഒരു കണക്കിനു പാടിത്തുടങ്ങി പകുതിവഴിക്ക് തൊണ്ടവരണ്ട് സ്വരവും രാഗവും താളവും സംഗതിയുമെല്ലാം തെക്കുവടക്കുപോയതൊക്കെ ഇനി പഴങ്കഥ. ഇന്ന് സ്റ്റേജില്‍ അറ്റെന്‍ഷനായി നില്‍ക്കണ്ടാ, സ്വന്തം വീട്ടില്‍ സ്വന്തം മുറിയില്‍ ഒരു നിക്കറു മാത്രം (അല്ലെങ്കില്‍ ഒരു നൈറ്റി മാത്രം) ഇട്ട് ചാരുകസേരയില്‍ മലര്‍ന്നിരുന്ന് പാടാം. ഒരാളും കാണാതെ തനിച്ചിരുന്ന് പാടാം. പകുതി വഴിക്ക് തൊണ്ട വരണ്ടു പോകുന്ന പ്രശ്നമേയില്ല- ഒരു വരി പാടുക പിന്നെ കറിക്കരിയുക, തിരികേവന്നൊരു വരി പാടുക, ചോറും കറിയും ഉണ്ടാക്കുക, ഇനിയൊരു വരി പാടുക, ചോറും കറിയുമെടുത്ത് ഓഫീസില്‍ പോയിവരിക, മറ്റൊരു വരി പാടുക കിടന്നുറങ്ങുക - ഇങ്ങനെ ഒരു പാട്ടു തന്നെ കഷണം കഷണമായി പാടിയാല്‍ മതിയാകും. പാടുമ്പോള്‍ താളത്തില്‍ പാടണമെന്നില്ല, താളമൊക്കെ നമുക്കു സെറ്റ് ചെയ്തെടുക്കാവുന്നതേയുള്ളൂ. എന്തിന്, നിങ്ങള്‍ക്ക് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഒച്ചയാണെങ്കില്‍ പോലും കിഷോര്‍ കുമാറിനേപ്പോലെ മുഴക്കമുള്ള ഒച്ചയില്‍ നിങ്ങളുടെ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും (പോട്ടെ, അവസാനം പറഞ്ഞത് വെറും ഉഡായിപ്പാണ്, ബട്ട് യു ഗെറ്റ് ദ പോയിന്റ്).

ഇതു ഞാന്‍ കുറച്ചുകാലമായി മനസ്സില്‍ കരുതിവെച്ചിരുന്ന ഒരു സംരംഭമാണ്. ഇപ്പോഴാണ് എല്ലാം ഒത്തുവന്നത്. ശബ്ദലേഖനത്തിനുപറ്റിയ വളരേയധികം സോഫ്ട്‌വെയര്‍ സൌജന്യമായി ലഭ്യമാണെന്നറിയാമായിരുന്നു. കഴിഞ്ഞ വര്‍ഷം "ആര്‍ഡര്‍" (Ardour) എന്ന പ്രോഗ്രാം ഒന്നു പരീക്ഷിച്ചിരുന്നു. പക്ഷേ ഒരു തുടക്കക്കാരന് അല്പം സങ്കീര്‍ണ്ണമായ ഒന്നാണ് അതെന്ന് എനിക്കു തോന്നി. ഇക്കഴിഞ്ഞ മാസമാണ് ആദ്യമായി ഓഡാസിറ്റി (Audacity) ഡൌണ്‍ലോഡ് ചെയ്തു പരീക്ഷിച്ചത്. ഓഡാസിറ്റിയുമായി പരിചയമായി വരുന്നതേയുള്ളു, എങ്കിലും ഇതുവരെയുള്ള സത്യാന്വേഷണപരീക്ഷകളെല്ലാം വലിയ ബുദ്ധിമുട്ടില്ലാത്തതായിരുന്നു.

ഈ ബ്ലോഗ് എന്റെ ശബ്ദലേഖനപരീക്ഷണങ്ങളുടെ ഒരു ഡയറിക്കുറിപ്പാണ്. അതായത് ഓഡാസിറ്റിയുടെ ഉപയോഗത്തേപ്പറ്റി ആധികാരികമായ ഒരു ഗൈഡ് അല്ല. ശബ്ദലേഖനത്തേപ്പറ്റി എനിക്കൊരു ചുക്കും അറിയില്ല. എനിക്കാവശ്യമുള്ള വിവരങ്ങള്‍ എവിടെനിന്നെങ്കിലും തപ്പിയെടുക്കുക, അത് എന്റെ കമ്പ്യൂട്ടറില്‍ പരീക്ഷിച്ചു നോക്കുക, വിജയിച്ച ചില തന്ത്രങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക എന്ന ലളിതമായ ഉദ്ദേശമേ എനിക്കുള്ളൂ. എന്റെ സ്ഥിരം ബ്ലോഗില്‍ത്തന്നെ ഇടാമെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ പിന്നെ തീരുമാനിച്ചു ആ ബ്ലോഗില്‍ വായനാമൂല്യമുള്ള എഴുത്തുമാത്രം മതി എന്ന് - ഫോളോ ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കരുതല്ലോ.

എന്റെ പ്രാരംഭപരീക്ഷണങ്ങളുടെ ഉല്‍പന്നമാണ് ഈ ഗാനം. ഇതില്‍ ഒരു നൂറുകുറവുകളുണ്ടെന്ന് എനിക്കുതന്നെ അറിയാം. എല്ലാമൊന്നു പരിചയമായി വരട്ടെ, നമുക്കു മെച്ചപ്പെടുത്താം. ഒരു വര്‍ഷത്തിനകം സന്തോഷ് പണ്ടിറ്റിനെപ്പോലും കവച്ചുവയ്ക്കുന്ന ഒരു പ്രകടനം എന്നില്‍ നിന്ന് നിങ്ങള്‍ക്കു പ്രതീക്ഷിക്കാം.


അപ്പോള്‍ നിങ്ങളും എന്റെ കൂടെ കൂടുകയല്ലേ? ധൈര്യമായി മുന്നോട്ടുവരൂ! ഒരു പക്ഷേ ഈ മഹാപ്രസ്ഥാനത്തില്‍നിന്ന് വിനീത് ശ്രീനിവാസനേയും കലാഭവന്‍ മണിയേയുമൊക്കെ പിന്നണിഗാനാലാപനരംഗത്തുനിന്ന് ഔട്ടാക്കാന്‍ മാത്രം പ്രതിഭയുള്ള ഒരു 'സിംഗര്‍-ടെക്നീഷ്യന്‍' പിറക്കുകില്ലെന്ന് ആരു കണ്ടു! തല്‍ക്കാലം നിങ്ങള്‍ ഇത്രമാത്രമേ ചെയ്യേണ്ടതുള്ളൂ - ഈ ലിങ്കില്‍ നിന്ന് ഓഡാസിറ്റി ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ബാക്കി ഞാന്‍ വഴിയേ പറയാം.

(ഓഡിയോ ട്രാക്കിനു കടപ്പാട്: dsudheeran, YouTube)