Monday, June 18, 2012

ചില പൊടിക്കൈകള്‍

എന്റെ ശബ്ദലേഖനശ്രമങ്ങളില്‍ ഞാന്‍ പതിവായി ഉപയോഗിക്കാറുള്ള ചില പൊടിക്കൈകള്‍ പറയാം

മുഖ്യമായും ഞാന്‍ ഉപയോഗിക്കാറുള്ള ഫീച്ചറുകളാണ് 'Effect' മെനുവിലെ 'Amplify', 'Echo', 'Bass Boost', 'Change Tempo' എന്നിവ.



ഞാന്‍ ശബ്ദലേഖനത്തിനുപയോഗിക്കുന്നത് ഉബുണ്ടു (ലിനക്സ്) കമ്പ്യൂട്ടറാണ്. അതിന്റെ സൌണ്ട് കാര്‍ഡ് ഡ്രൈവേഴ്സ് പൊതുവേ മോശമാണെന്നാണ് അനുഭവം -വിശേഷിച്ചും ശബ്ദലേഖനത്തിന്. അതുകൊണ്ട് മിക്കവാറും എനിക്ക് എന്റെ ട്രാക്ക് Amplify ചെയ്യേണ്ടിവരാറുണ്ട്. നല്ലൊരു മൈക്രോഫോണ്‍ ഉണ്ടെങ്കില്‍ വിന്‍ഡോസ്/മാക് (ആപ്പിള്‍) കമ്പ്യൂട്ടറില്‍ അതിന്റെ ആവശ്യം വേണ്ടിവരില്ല.

നിങ്ങളുടെ ട്രാക്ക് ആംപ്ലിഫൈ ചെയ്യാന്‍ ആദ്യം മൌസ് ഉപയോഗിച്ച് ട്രാക്ക് (അല്ലെങ്കില്‍ ട്രാക്കിന്റെ ശബ്ദം കൂട്ടേണ്ട ഭാഗം മാത്രം) തിരഞ്ഞെടുത്ത് 'Effect' മെനുവിലെ 'Amplify' തിരഞ്ഞെടുക്കുക. അപ്പോള്‍ ഒരു ചെറിയ വിന്‍ഡോ തുറന്നുവരും. അതില്‍ എത്രത്തോളം ശബ്ദം കൂട്ടണം/കുറയ്ക്കണം എന്ന് തീരുമാനിക്കാന്‍ സഹായിക്കുന്ന ഒരു സ്ലൈഡര്‍ ഉണ്ട്. സ്ലൈഡര്‍ നിരക്കിയതിനുശേഷം "പ്രീവ്യൂ" ബട്ടണില്‍ ക്ലിക്ക് ചെയ്ത് നോക്കുക -ശബ്ദത്തിന്റെ ലെവല്‍ നിങ്ങളുദ്ദേശിച്ചപോലെയായില്ലെങ്കില്‍ വീണ്ടും സ്ലൈഡര്‍ ഉപയോഗിച്ച് അഡ്ജസ്റ്റ് ചെയ്യുക. തൃപ്തിയാകുമ്പോള്‍ OK ബട്ടണില്‍ അമര്‍ത്തുക. നിങ്ങള്‍ തിരഞ്ഞെടുത്ത ട്രാക്കിലെ ഏതെങ്കിലും ഭാഗത്ത് തുടക്കത്തിലേ ഉയര്‍ന്ന amplitude ഉണ്ടെങ്കില്‍ (നീല വരയുടെ നീളം കൂടുതലാണെങ്കില്‍) ആംപ്ലിഫൈ ചെയ്യുമ്പോള്‍ OK ബട്ടണ്‍ തെളിഞ്ഞുവരാന്‍ "Allow Clipping" എന്ന ചെക്ക്ബോക്സ് കൂടി ക്ലിക്ക് ചെയ്യേണ്ടിവരും.

അടുത്തതായി 'Echo'. നിങ്ങളുടെ ശബ്ദത്തിന് ഒരു മുഴക്കം നല്‍കാന്‍ ഇത് ഉപകരിക്കും. Echo കൊടുക്കുന്നതുകൊണ്ട് വളരേയേറെ ഗുണങ്ങളുണ്ട്. നിങ്ങളുടെ ശബ്ദത്തിന്റെ കുറെയേറെ പോരായ്മകള്‍ മറച്ചുവയ്ക്കാന്‍ അതു സഹായിക്കും. ഇതിനായി, നേരത്തേ ചെയ്ത പോലെ, ആദ്യം മൌസ് ഉപയോഗിച്ച് ട്രാക്ക് തിരഞ്ഞെടുത്ത് 'Effect' മെനുവിലെ 'Echo' തിരഞ്ഞെടുക്കുക. അപ്പോള്‍ തുറന്നുവരുന്ന കിളിവാതിലില്‍ രണ്ട് വിവരങ്ങള്‍ ചേര്‍ക്കണം - ഒന്ന് Delay Time രണ്ട് Decay Factor. Delay Time എന്നാല്‍ നിങ്ങളുടെ ശബ്ദവും അതിന്റെ മാറ്റൊലിയും തമ്മില്‍ എത്ര സമയത്തിന്റെ വ്യത്യാസം ഉണ്ടാകണം എന്നതാണ്. Decay Factor എന്നാല്‍ നിങ്ങളുടെ ശബ്ദത്തിനെ അപേക്ഷിച്ച് മാറ്റൊലിയുടെ ശബ്ദത്തിന് എത്രത്തോളം വലിപ്പം ഉണ്ടാകണം എന്നതും. സാധാരണയായി ദശാംശം രണ്ടുമുതല്‍ മൂന്നുവരെ (0.2 to 0.4) സെക്കന്റിന്റെ Delay Time, ദശാംശം രണ്ട് അല്ലെങ്കില്‍ ദശാംശം രണ്ട് അഞ്ച് (0.2/0.25) Decay Factor എന്നിവയാണ് ഞാന്‍ ഉപയോഗിക്കാറുള്ള ക്രമീകരണം.

Bass Boost ഉപയോഗിക്കുന്നത് കൃത്യമായി Amplify ഉപയോഗിക്കുന്നതുപോലെത്തന്നെയാണ്. Amplify ചെയ്യാനുള്ളപോലത്തെ ഒരു സ്ലൈഡറും പ്രീവ്യൂ ബട്ടനുമാണ് Bass Boostന്റെ സംഭാഷണജാലകത്തിലും കാണുക. നിങ്ങളുടെ ശബ്ദത്തിന്റെ ബാസ്സ് (ഗാംഭീര്യം) കൂട്ടാനായി ഇതുപയോഗിക്കാം (എന്നുകരുതി സച്ചിന്റെ പോലെയുള്ള ഒച്ച അമിതാഭ് ബച്ചന്റേതുപോലെ ആകില്ല, കേട്ടോ).

എന്റെ ഇത്തവണത്തെ ഗാനത്തില്‍ ഞാന്‍ Bass Boost നിര്‍ലോഭം ഉപയോഗിച്ചിട്ടുണ്ട്. ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായതുകൊണ്ട് ഏറെക്കാലമായി മനഃപാഠമാണ്. ശ്രീ ഭുപേന്‍ ഹസാരികാജിയോട് മാപ്പപേക്ഷിച്ചുകൊണ്ടും അദ്ദേഹത്തെ ബഹുമാനിച്ചുകൊണ്ടും ഈ ഗാനം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സമര്‍പ്പിക്കുന്നു.



താളത്തില്‍ പാടാന്‍ കഴിയാത്തവരുടെ ശബ്ദം താളത്തിനൊത്ത് സെറ്റ് ചെയ്യുന്ന വിദ്യ അടുത്ത തവണ നമുക്കു പരീക്ഷിക്കാം.